2011 ഡിസംബർ 28, ബുധനാഴ്‌ച

നൊമ്പരങ്ങള്‍

 ക്ലോക്കിന്‍റെ മണിയടി ശബ്ദമാണ് ഉറക്കത്തില്‍ നിന്നുണര്‍ത്തിയത്."പടച്ചോനെ,ആറു മണി കഴിഞ്ഞോ??". വായിച്ചിരുന്ന പുസ്തകം താഴെ വീണുകിടക്കുന്നു.അതെടുത്തു സോഫയിലേക്കിട്ടു.ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയത് അറിഞ്ഞില്ല."സീതാ,മോളു വന്നില്ലേ?". "ഇല്ല". "അവളിത്രയും വൈകാറില്ലല്ലോ". ഇനിയൊരു മറുപടി സീതയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. അവരങ്ങനെയാ,ചോദിച്ചതിനു മാത്രം മറുപടി. ചിലപ്പോള്‍ അതും ഉണ്ടാകില്ല.ഒരു മൂത്ത ചേച്ചിയോടെന്നപോലെയാണ് ഞാന്‍ അവരോടു പെരുമാറുന്നത്.എന്നിട്ടും അവരെപ്പോഴും ഒരകലം സൂക്ഷിക്കുന്നു."സീതയെന്താ എന്നെ വിളിക്കാതിരുന്നത്??". മൌനം മറുപടിയായ് തന്ന് അവരടുക്കളയില്‍ തന്നെ.ഇങ്ങനെയും ഒരു ജന്മം!!
                                        ദേഷ്യമടക്കി ഫോണ്‍ എടുത്തു മോളുടെ മൊബൈലിലേക്ക്  വിളിച്ചു.വിളി കാതോര്‍ത്തിരുന്ന പോലെ അവള്‍ കൊഞ്ചി "എന്താണുമ്മ കുട്ടീ". "എടി  സമയമെത്രയായെന്നറിയോ? നിന്‍റെ ക്ലാസ്സ്‌ കഴിഞ്ഞില്ലേ? ". കോപവും സങ്കടവും എല്ലാം വാക്കുകളില്‍ സമാഹരിച്ചു."ഞാന്‍ എപ്പോഴേ എത്തി.ഉമ്മയും സീത ചേച്ചിയും നല്ല ഉറക്കമായിരുന്നല്ലോ.പിന്നെ എങ്ങനെ അറിയാനാ?!!". "എന്നിട്ട് നീ എവിടെയാ ഇപ്പൊ??". "ഉമ്മകുട്ടി ആ ജനലിലൂടെ  ഇങ്ങോട്ടൊന്നു നോക്കിയേ,ഞാനുമ്മയുടെ കൂട്ടുകാരിയുടെ അടുത്തുണ്ട്".എന്നെ അനുനയിപ്പിക്കാനുള്ള  ശ്രമത്തിലാണവള്‍.ഫോണ്‍ ഓഫ്‌ ചെയ്തു വീണ്ടും സോഫയിലേക്ക് ചാഞ്ഞു.മഗരിബ് ബാങ്ക് കൊടുക്കാറായി.നോമ്പിന്‍റെ ക്ഷീണം കൊണ്ടായിരിക്കും ഉറങ്ങിപ്പോയത്.സീത ധൃതിയില്‍ എന്തോ ജോലിയിലാണ്.പാത്രങ്ങളുടെ കലമ്പല്‍ കേള്‍ക്കുന്നുണ്ട്.നോമ്പ് തുറക്കാന്‍ ഒന്നും വേണ്ടെന്നു ഞാന്‍ പറഞ്ഞതാണല്ലോ! മോളെ പേടിച്ചായിരിക്കാം.
                                               "ഉമ്മയെന്തിനാ റംസാന്‍ അല്ലാത്തപ്പോഴും നോമ്പ് എടുക്കുന്നെ??". "എല്ലാം എന്‍റെ മോള്‍ക്ക്‌ വേണ്ടി ". അത് കേള്‍ക്കുമ്പോള്‍ അവളുടെ മുഖത്തൊരു പുഞ്ചിരി വിടരും,കെട്ടിപ്പിടിച്ചു കവിളിലൊരുമ്മ തരും. "എന്‍റെ ഉമ്മകുട്ടി എത്ര സുന്ദരിയാ,ഉമ്മാക്ക് സിനിമയില്‍ അഭിനയിച്ചുകൂടായിരുന്നോ?"."അതിനു നിന്‍റെ വാപ്പ കെട്ടിക്കൊണ്ടു പോന്നില്ലേ?ഇല്ലെങ്കില്‍ ഞാന്‍ അഭിനയിച്ചേനെ.വേണ്ടാ, സോപ്പിടലൊന്നും വേണ്ട മോള് പോയി നമസ്കരിച്ചിട്ട്‌ വാ".
                  മോളുടെ സന്തോഷം മാത്രമാണ് ഇനിയെന്‍റെ ലക്ഷ്യം.കഴിയുന്നത്ര അവളെ പഠിപ്പിക്കണം.എനിക്ക് കിട്ടാതെ പോയ വിദ്യാഭ്യാസം അവള്‍ക്കു കിട്ടണം.ഉപ്പയില്ലെന്ന കുറവും അവള്‍ക്കുണ്ടാകരുത്.താനെത്ര മോഹിച്ചതാ,കോളേജില്‍ ഒക്കെയൊന്ന് പോകാന്‍! പത്താം ക്ലാസ്സില്‍ ഹാഫ് ഇയര്‍ലി എക്സാം എഴുതാന്‍ മാത്രമേ ഭാഗ്യമുണ്ടായുള്ളൂ.അപ്പോഴേക്കും വിവാഹം ചെയ്തയക്കാന്‍ ഉപ്പാക്കും ഉമ്മാക്കും ധൃതി ആയിരുന്നു.
                                                         ഉപ്പാടെ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ബിസിനസ്‌ കണ്ടിട്ടോ,തന്‍റെ സൗന്ദര്യം കണ്ടിട്ടോ,എന്താണെന്നറിയില്ല വിവാഹാഭ്യര്‍ഥനയുമായി പലരും ഉപ്പാനെ സമീപിക്കുന്നുണ്ടായിരുന്നു.കൂട്ടത്തില്‍ സുന്ദരനും സല്‍സ്വഭാവിയുമായ ഒരു പയ്യനെ ഉപ്പ മകള്‍ക്കായി കണ്ടെത്തുകയായിരുന്നു,മകളുടെ സമ്മതം നോക്കാതെ! ഉപ്പയോട്‌ എതിര് പറയാനുള്ള ധൈര്യം വീട്ടില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല.ഉപ്പയുടെ മരണശേഷം പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട് എന്തിനായിരിക്കും അദ്ദേഹമിങ്ങനെ ഞങ്ങളെ ഭയപ്പെടുത്തി ജീവിച്ചത്?! എങ്കിലും , കര്‍ശനമായ ഉപ്പയുടെ താക്കീതുകള്‍ ഭാവിയില്‍ ഞങ്ങള്‍ക്കൊരുപാട് ഗുണം ചെയ്തു.തെറ്റുകളില്‍ നിന്ന് വഴിമാറി നടക്കാന്‍ അദ്ദേഹത്തിന്‍റെ ജീവിതം തന്നെയായിരുന്നു ഞങ്ങള്‍ക്ക് മാതൃക.
                                  "സീതേച്ചി,നോമ്പ് തുറക്കാന്‍ ഉമ്മാക്കെന്താ ഉണ്ടാക്കിയത്??"."ഉമ്മ ഒന്നും വേണ്ടെന്നു പറഞ്ഞു". "ഉമ്മ വേണ്ടെന്നു പറഞ്ഞാലും ഉണ്ടാക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ??"! മോളുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നു.പാവം സീത,ഒന്നും മിണ്ടുന്നില്ല.അവളോട്‌ എത്ര തവണ വിലക്കിയതാ,അവരോടിങ്ങനെ കയര്‍ത്തു സംസാരിക്കരുതെന്ന്.തന്‍റെ സ്നേഹക്കൂടുതല്‍ അവളെ വഷളാക്കുന്നുണ്ടോ??
                                 വേഗം എഴുന്നേറ്റു വരാന്തയിലെ ലൈറ്റ് ഓഫ്‌ ആക്കി,അടുക്കളയിലേക്കു ചെന്നു."എന്തിനാ മോളെ സീത ചേച്ചിയോട് ദേഷ്യപ്പെടുന്നേ,ഉമ്മ വേണ്ടെന്നു പറഞ്ഞിട്ടല്ലേ?മോള് നല്ല കുട്ടിയായി പോയിരുന്നു പഠിക്ക്". അവള്‍ തന്നെ തീക്ഷണമായി ഒന്ന് നോക്കിയിട്ട് കടന്നു പോയി.
                 മോള്‍ക്ക്‌ ഒരു വയസ്സുള്ളപ്പോഴാ ഇക്ക അവരെ ഇവിടെ കൊണ്ടു വന്നത്."പാവമാ,ഇവിടെ നിന്നോട്ടെ",അവര്‍ക്കാരുമില്ലെന്നും പറഞ്ഞു."സഹായിക്കുന്ന ഹസ്തം പ്രാര്‍ഥിക്കുന്ന അധരങ്ങളേക്കാള്‍ പാവനമെന്നല്ലേ നിന്‍റെ വചനം".ഒരു കള്ളച്ചിരിയോടെ അദ്ദേഹം പറഞ്ഞു.ഞാനതില്‍ വീഴുമെന്നു ഇക്കാക്കറിയാം."ഞാന്‍ ഗള്‍ഫിലേക്ക് തിരിച്ചു പോയാലും നിനക്കും മോള്‍ക്കും ഒരു കൂട്ടാകുമല്ലോ". "സമ്മതിച്ചു,ഇക്ക ധൈര്യമായി  പൊയ്ക്കോളു".
      ആദ്യമൊക്കെ ഞാന്‍ കരുതി ഇവര്‍ സംസാരിക്കില്ലെന്നാണ് .എന്തു ചോദിച്ചാലും  മൌനം.പിന്നെ ഒറ്റവാക്കിലുള്ള മറുപടി.അവരുടെ ഭൂതകാലം ഇന്നുവരെ ഞാന്‍ ചികഞ്ഞിട്ടില്ല.ഒരിക്കല്‍ എന്തോ ചോദിച്ചപ്പോള്‍ ഇഷ്ടപ്പെടാത്തതുപോലെ തോന്നി.ഓര്‍മിക്കാനാഗ്രഹിക്കാത്ത എന്തോ ഒന്ന് അവരുടെ ജീവിതത്തിലുണ്ടാകാം.
                                        ഇക്ക നാട്ടില്‍ വന്നാല്‍ പാതിരാ വരെ ബന്ധുക്കളും കൂട്ടുകാരും ഉണ്ടാകും.ഒരു നീരസവും പ്രകടിപ്പിക്കാതെ അവര്‍ ജോലി ചെയ്യും.പ്രതിഷേധിക്കാനറിയാത്ത പാവം.
                                              ഒരിക്കല്‍ എന്തോ തിരയുന്ന കൂട്ടത്തില്‍ അവരുടെ ഡ്രസ്സ്‌ വെക്കുന്ന അലമാരയില്‍ നിന്നും ഭംഗിയുള്ള ഒരു പേഴ്സ് കിട്ടി.എനിക്ക് ബര്‍ത്ത് ഡേ ഗിഫ്റ്റ് ആയി ഇക്ക തന്ന അതേ പോലുള്ള പേഴ്സ്.മോളുപയോഗിച്ചു അത് കേടാക്കി കളഞ്ഞു.ഇവര്‍ക്കിതാരു  കൊടുത്തു??ചിലപ്പോള്‍ ഇക്ക വാങ്ങിയ അതേ ഷോപ്പില്‍ നിന്ന് വാങ്ങിയതായിരിക്കും !!
                                                പലപ്പോഴും മോളുടെ ദേഷ്യപ്പെടല്‍ അതിരുകടക്കുമ്പോള്‍ അവളെ ശാസിക്കാറുണ്ട്."അവര്‍ക്കാരുമില്ലാഞ്ഞിട്ടല്ലേ  മോളെ,അള്ളാഹു നമ്മളെ സീതചെച്ചിയെ പോലെ ആക്കിയിരുന്നെങ്കില്‍ നമ്മളും വല്ലവരുടെയും വീട്ടില്‍ പോയി താമസിക്കേണ്ടി വരില്ലേ??" എന്ന്.അപ്പോഴൊക്കെ ഒരു പരിഹാസച്ചിരിയോടെ അവളെന്നെ നോക്കും."ഉമ്മ ഇങ്ങനൊരു പാവമായി പ്പോയല്ലോ!" എന്ന് പറഞ്ഞു കളിയാക്കും.
                                             പക്ഷെ പിന്നീടൊരിക്കല്‍ അവള്‍ ശരിക്കും പൊട്ടിത്തെറിച്ചു .മൊബൈലില്‍ സംസാരിക്കുന്നത് അവര്‍ ശ്രദ്ധിച്ചെന്നും പറഞ്ഞ്.അവരെ ഇറക്കിവിടണമെന്നു പറഞ്ഞവള്‍ വാശി പിടിച്ചു.ഒന്ന് പതുക്കെ പറയൂ,അവര്‍ കേള്‍ക്കുമെന്ന് പറഞ്ഞപ്പോള്‍ അവള്‍ കൂടുതല്‍ കൂടുതല്‍ ഒച്ച വച്ചു."കേള്‍ക്കട്ടെ,എല്ലാവരും കേള്‍ക്കട്ടെ.എനിക്കറിയാം എല്ലാം.ഉപ്പ എന്തുകൊണ്ടാ അവരെ ഇവിടെ കൊണ്ട് നിര്‍ത്തിയതെന്ന്".സങ്കടപ്പെടുന്ന  മോളെ  ചേര്‍ത്തുപിടിച്ചു കൊണ്ട് ബെഡ്റൂമിലേക്ക്‌  കൊണ്ടുപോയി.അവള്‍ പറഞ്ഞ ഞെട്ടിക്കുന്ന സത്യത്തിനു മുന്‍പില്‍ പകച്ചു നിന്ന് പോയി.ചില സത്യങ്ങള്‍ നുണകളാകണേ എന്ന് ആരും പ്രാര്‍ഥിച്ചു പോകുന്ന സന്ദര്‍ഭം.ഇക്കയുടെ ഏതോ ഒരു ബന്ധുവിനാല്‍  ചതിക്കപ്പെട്ട  ഒരു പെണ്ണാണത്രെ അവള്‍!
                                             എന്തുകൊണ്ടാണിക്കാര്യം ഇക്ക എന്നില്‍ നിന്നും മറച്ചു വെച്ചത്??തൊട്ടടുത്തായിട്ടും എന്‍റെ എല്ലാമായ കൂട്ടുകാരിയും ഇതുവരെ പറഞ്ഞില്ല.അവളും ഉമ്മയും തമ്മില്‍ ഇക്കാര്യം സംസാരിക്കുന്നത് മോള്‍ കേട്ടതാണത്രെ!!! എങ്കിലും ഇക്ക എന്നില്‍ നിന്നും ഇത് മറച്ചു വെച്ചത് എന്തു കൊണ്ടായിരിക്കും?? ഇക്കാക്കിതില്‍ എന്തെങ്കിലും പങ്കു കാണുമോ??......റബ്ബേ....ഉണ്ടെങ്കില്‍ അദ്ദേഹത്തിന് പൊറുത്തു കൊടുക്കേണമേ...... !!!!  





















   













   

10 അഭിപ്രായങ്ങൾ:

  1. നല്ല അവതരണം. എങ്കിലും തുറന്നു പറയാനുള്ളത് പറയാന്‍ പേടിയുള്ളതു പോലെ തോന്നുന്നു വരികളില്‍.. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  2. പരഗ്രഫ് align ചെയ്തു ഒരു എന്റര്‍ കൂടെ കൊടുത്താല്‍ വായനക്ക് ഒരു "ഇത് " ഉണ്ടാവുമായിരുന്നു !pls remove word verification too .

    മറുപടിഇല്ലാതാക്കൂ
  3. പലപ്പോഴും വൈകി ചില അപ്രിയ സത്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഹൃദയം നടുങ്ങാരുന്ദ്....പച്ചയായ ജീവിത യാധര്ത്യത്തെ സ്വന്തം അവതരണ ശൈലിയിലൂടെ അവതരിപിച്ചപ്പോള്‍ പലപ്പോഴും വീട് ജോലിക്കാരെ അടിമകള്‍ ആകുന്ന കുടുംബിനികളില്‍ നിന്നും വെത്യസ്തമായി കണ്ടി..ഒരിത്തിരി നന്മയുടെ രൂപവും ഉണ്ട് അതില്‍...പക്ഷെ മോള്‍ ഒരു സ്വപ്ന ലോകത്താണ് പറഞ്ഞു കൊടുക്കുക അവള്‍ക്ക് "കുല്ലു നഫ്സുന്‍ ദായിക്കതുല്‍ മൌത്ത്" എന്ന്......

    മറുപടിഇല്ലാതാക്കൂ
  4. കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത സത്യങ്ങള്‍
    അവതരണം കൊള്ളാം, അല്പം തിരക്ക് കൂടിപോയോ?
    അവസാന ഭാഗം ഒന്നു കൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍
    കഥയുമായി ബന്ധപ്പെട്ട ഏതങ്കിലും ചിത്രങ്ങള്‍ കൊടുക്കുന്നത് നന്നായിരിക്കും
    ആശംസകള്‍
    ഇനിയും എഴുതുക

    മറുപടിഇല്ലാതാക്കൂ
  5. സീതയുടെ മൌനവും, ഉമ്മയുടെ ആശങ്കകളും വിരസതയില്ലാതെ പറഞ്ഞു. മോള്‍ എന്തിനാണിത്ര ദേഷ്യപ്പെടുന്നത്‌ ? അവസാന ഭാഗത്ത്‌ ചില അവ്യക്തതകളുണ്‌ടോ ? എനിക്ക്‌ തോന്നിയതാവാം..

    മറുപടിഇല്ലാതാക്കൂ
  6. എല്ലാം വായിച്ചു എഴുത്ത് നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  7. A beautifully crafted writing. We can visualise each and evry scene, th facial expression, emotions, even the change in the tone of the characters can be felt...! Should write more. Best regards. Dr anas/pediatrician/aluva

    മറുപടിഇല്ലാതാക്കൂ
  8. കൊള്ളാം... ഇത്രയും deep ആയ ഒരു സാഹിത്യ വാസന മനസ്സില്‍ suppress ചെയ്തിട്ടുണ്ടെന്ന് ഇപ്പോള്‍ മാത്രമാണ് മനസ്സിലാക്കുന്നത്... കഥ, കഥയാണെങ്കിലും എവിടെയൊക്കെയോ സ്പര്‍ശിക്കുന്ന പോലെ ഒരു തോന്നല്‍.. കഥയില്‍ പറഞ്ഞ പോലെ ചില സത്യങ്ങള്‍ സത്യങ്ങല്ലായിരുന്നെങ്കില്‍ എന്ന് പലപ്പോഴും മോഹിച്ചു പോയിട്ടുണ്ട്. വലിച്ചു നീട്ടുന്നില്ല, എഴുതുക, വീണ്ടും എഴുതുക... I am proud of you.. Ikka

    മറുപടിഇല്ലാതാക്കൂ
  9. കഥ നല്ല ക്രാഫ്റ്റില്‍ പറഞ്ഞു വന്നു. സീത ആരെന്നു മകള്‍ അറിഞ്ഞു എന്നിട്ടും അവന്‍ "ഏതോ ബന്ധുവിനാല്‍" ചതിക്കപ്പെട്ടവള്‍ ‍ എന്നതിനപ്പുറം മറ്റൊന്നും ഉമ്മക്ക് അറിയില്ല എന്നിടത്തു കഥ ദുര്‍ബലമായിപ്പോയി. സ്വന്തം പിഴ കൊണ്ടോ സ്വന്തക്കാരുടെ പിഴവ് കൊണ്ടോ വഞ്ചിക്കപ്പെട്ട ഒരു സ്ത്രീയെ ആരെങ്കിലും വീട്ടില്‍ വേലക്കാരിയായി നിര്‍ത്തുമോ എന്നൊക്കെ ഉള്ള ചോദ്യങ്ങള്‍ക്ക് കഥയില്‍ ഇടം കാണുന്നു.

    എങ്കിലും നല്ല ആഖ്യാനപാടവും ഭാഷയും ഉള്ള ആളെന്ന് ഈ കഥയിലൂടെ മനസ്സിലാകുന്നു. കൂടുതല്‍ ജീവിതഗന്ധിയായ ഈടുറ്റ പ്രമേയവുമായി വീണ്ടും എഴുതാന്‍ നിങ്ങള്‍ക്കാകും. വീണ്ടും വരാം അടുത്ത കഥ വായിക്കാന്‍.

    മറുപടിഇല്ലാതാക്കൂ
  10. ഇതിനെ ജീവിതമെന്നു പേരിടാം..
    മനസ്സില്‍തട്ടുന്ന വിധം അവതരിപ്പിച്ചു..

    ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ